Latest Updates

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ തിളങ്ങുന്ന താരമായ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമയുടെ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപനത്തിനുശേഷം ദിവസങ്ങള്‍ക്കുള്ളിലായിരുന്നു കോഹ്‌ലിയുടെ ഈ നിർണ്ണായക തീരുമാനം. 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനു ശേഷമാണ് താരം പടിയിറങ്ങുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനായാണ് കോഹ്‌ലി വിരമിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം കോഹ്‌ലിയാണ്. 123 ടെസ്റ്റില്‍ നിന്നു 9,230 റണ്‍സുമായാണ് പടിയിറക്കം. 770 റണ്‍സ് മാത്രമാണ് താരത്തിനു 10000 ടെസ്റ്റ് റണ്‍സിലേക്ക് വേണ്ടിയിരുന്നത്. 46.85 ആവറേജില്‍ 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും താരം നേടി. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 'ഈ ഫോര്‍മാറ്റില്‍ നിന്നു മാറി നില്‍ക്കുന്നത് എളുപ്പമല്ല. പക്ഷേ ഇപ്പോള്‍ അതു ശരിയായ സമയമാണ്. എന്റെ കഴിവിന്റെ എല്ലാം ടെസ്റ്റ് ഫോര്‍മാറ്റിനായി ഞാന്‍ സമര്‍പ്പിച്ചു. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത അത്രയും തിരികെ കിട്ടി. നിറഞ്ഞ മനസോടെയാണ് മടങ്ങുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും ഞാന്‍ ടെസ്റ്റ് കരിയറിനെ തിരിഞ്ഞു നോക്കുക'- കോഹ്‌ലി വിരമിക്കല്‍ തീരുമാനം അറിയിച്ച് ഇന്‍സ്റ്റയില്‍ കുറിച്ചു.

Get Newsletter

Advertisement

PREVIOUS Choice